Monday, 26 October 2015

താഴ്ന്ന ജോലികൾക്ക് ജനുവരി ഒന്നു‌ മുതൽ ഇന്റർവ്യൂ ഒഴിവാക്കും

 

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിലെ താഴ്‌ന്ന തസ്‌തികകളിൽ നിയമനത്തിന് ഇന്റർവ്യൂ ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജനുവരി ഒന്നുമുതൽ നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്’ റേഡിയോ പ്രഭാഷണപരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത മോദി, വ്യത്യസ്‌ത മതങ്ങളും ജാതികളും ഭാഷകളും ഉൾപ്പെടുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും അത് ഐക്യമന്ത്രമാകണമെന്നും പറഞ്ഞു.
കേന്ദ്ര സർവീസിലെ ഗ്രൂപ്പ് ഡി, സി, ബി എന്നിങ്ങനെ ഗസറ്റഡ് അല്ലാത്ത തസ്‌തികകളിലേക്കുള്ള നിയമനങ്ങളിലെ അഴിമതി ഒഴിവാക്കാനാണ് അഭിമുഖം ഒഴിവാക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോദി ഈ ആശയം മുന്നോട്ടുവച്ചത്. ഇതു നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നു പ്രധാനമന്ത്രി അറിയിച്ചു. അഭിമുഖം ഒഴിവാക്കാവുന്ന തസ്‌തികകൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ ഈയിടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
താഴ്‌ന്ന തസ്‌തികകളിലെ നിയമനത്തിന് ഇടനിലക്കാർ സാധുക്കളെ കൊള്ളയടിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ചെറിയ ജോലികളിലെ നിയമനത്തിന് അഭിമുഖത്തിന്റെ ആവശ്യകതയെക്കുറിച്ച് എനിക്കു സംശയം തോന്നിയിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് അഭിമുഖം നടത്തിയാൽ വ്യക്‌തികളെ വിലയിരുത്താൻ സാധിക്കുന്ന മനഃശാസ്‌ത്രജ്‌ഞരെക്കുറിച്ചു ഞാൻ കേട്ടിട്ടില്ല. അഭിമുഖം എന്ന ഏർപ്പാട് നിർത്തലാക്കിയാൽ ശുപാർശകളും പണം തട്ടുന്ന ഇടനിലക്കാരുടെ കളികളും അവസാനിക്കും. അത് പാവങ്ങൾക്കു ഗുണകരമാകും’– മോദി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട്, സ്വർണനിക്ഷേപ പദ്ധതികൾ അടുത്ത മാസം ദീപാവലിയോടനുബന്ധിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വർണം നിഷ്‌ക്രിയ ആസ്‌തിയാകുന്നതു കാലത്തിനു നിരക്കുന്ന കാര്യമല്ല. സ്വർണത്തിനു രാജ്യത്തിന്റെ സാമ്പത്തിക ആസ്‌തിയായി മാറാൻ സാധിക്കും – പ്രധാനമന്ത്രി പറഞ്ഞു. 35 മിനിറ്റ് നീണ്ട പ്രഭാഷണത്തിൽ രാജ്യത്ത് ഈയിടെ പശുമാംസത്തിന്റെ പേരിലുണ്ടായ അതിക്രമങ്ങളെയും ഹരിയാനയിൽ ദലിത് കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകരിച്ചതിനെയും നേരിട്ടു പരാമർശിക്കാൻ പ്രധാനമന്ത്രി തയാറായില്ല.
പകരം, സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ജന്മവാർഷികത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ശാന്തിയും സമാധാനവും ഐക്യവും പുരോഗതിക്കുള്ള പ്രധാന സംഗതികളാണെന്നു വിശദീകരിച്ചു. ഐക്യമന്ത്രമാണു നമ്മുടെ ചിന്തയുടെയും വാക്കിന്റെയും പെരുമാറ്റത്തിന്റെയും മാധ്യമമാകേണ്ടത്. വൈവിധ്യസമ്പന്നമാണ് ഇന്ത്യ. ഈ വൈവിധ്യമില്ലെങ്കിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനാവുമായിരുന്നില്ല. ഇച്ഛാശക്‌തിയുണ്ടെങ്കിൽ ജീവിതത്തിൽ പുരോഗതി നേടാമെന്നതിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്‌കർ രാജ്യത്തെ ദലിതർക്കും പിന്നാക്കക്കാർക്കും മാത്രമല്ല, എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. അടുത്ത മാസം ബ്രിട്ടിഷ് സന്ദർശനവേളയിൽ ലണ്ടനിലെ ‘അംബേദ്‌കർ ഹൗസി’ൽ പോകാൻ സാധിക്കുമെന്നതു വലിയ സന്തോഷം നൽകുന്നുവെന്നും മോദി പറഞ്ഞു.

No comments:

Post a Comment